ഇസ്ലാമാബാദ്: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ നിർണായക നീക്കവുമായി പാക്കിസ്ഥാൻ. തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ നടക്കുന്ന ഈ നീക്കങ്ങളിൽ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സജീവമായി ഇടപെടുന്നുണ്ട്.
ഈ ആഴ്ച തന്നെ ഇസ്ലാമാബാദിൽ വെച്ച് അമേരിക്കയുടെയും ഇറാന്റെയും ഉന്നത പ്രതിനിധികൾ കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇറാന്റെ ഊർജ കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നയതന്ത്ര നീക്കം.
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ പിന്തുണയും പാക് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. ഇതു സംബന്ധിച്ച് ഷെഹ്ബാസ് ഷെരീഫ് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ഫോണിൽ സംസാരിച്ചു. പാക്കിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ ആസിം മുനീറും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.
പാക്കിസ്ഥാൻ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങൾ സംയുക്തമായാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. അമേരിക്കയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് ചർച്ചകളിൽ പങ്കെടുത്തേക്കുമെന്നാണ് സൂചന.